Society Today
Breaking News

കൊച്ചി: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല മാറ്റത്തിന്റെയും മുന്നേറ്റത്തിന്റെയും പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ കിഫ്ബി, റൂസ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടോടെ സമഗ്ര പരിഷ്‌കരണമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കലാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കിഫ്ബി, റൂസ  ഫണ്ടുകള്‍ ഉപയോഗിച്ച് അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കുകളും മികച്ച ലൈബ്രറി സൗകര്യങ്ങളും ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി കഴിഞ്ഞ ബഡ്ജറ്റില്‍ ആയിരം കോടിയിലധികം നീക്കിവെച്ചു.

റൂസ ഫണ്ട് ഉപയോഗിച്ച് 567 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തെ കലാലയങ്ങളില്‍ പുരോഗമിക്കുന്നത്. ഇതില്‍ 317 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സാധ്യമാക്കിയ കേരള മോഡലിന്റെ തുടര്‍ച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കാണ് സര്‍ക്കാര്‍ പരിഗണന നല്‍കുന്നത്. വരും തലമുറയ്ക്ക് വേണ്ടി ഏറ്റവും മികച്ച വിദ്യാഭ്യാസ രീതിയും മികച്ച തൊഴില്‍ മേഖലകളും കേരളീയ അന്തരീക്ഷത്തില്‍ തന്നെ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മില്‍ ബന്ധിപ്പിക്കുന്ന നൈപുണ്യ വികസന ക്ലാസുകള്‍ വഴി കുട്ടികള്‍ക്ക്  ആത്മവിശ്വാസത്തോടെ തൊഴില്‍ നേടാന്‍  സാധിക്കും. മാത്രമല്ല   സമൂഹത്തിലെ നേതൃത്വപരമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന്  കുട്ടികളെ പ്രാപ്തരാക്കുകയും  ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ കൂടി വളര്‍ത്തിക്കൊണ്ടുവരുന്ന വിധത്തിലുള്ള നോളജ് ട്രാന്‍സ്ലേഷന്‍ സെന്ററുകളും, ഇന്‍ക്യുബേഷന്‍ സെന്ററുകളും സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണ്.

കേരളത്തെ ഒരു നവ പരിജ്ഞാന സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.5.77 കോടി രൂപയുടെ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച പുതിയ ബില്‍ഡിംഗില്‍ മാനുസ്‌ക്രിപ്റ്റ് ലൈബ്രറി, അക്കാദമിക് ബ്ലോക്ക് , മെയിന്‍ ലൈബ്രറി , പരീക്ഷാ ഹാള്‍, സെമിനാര്‍ ഹാള്‍, ലേഡീസ് വെയ്റ്റിംഗ് ഹാള്‍ തുടങ്ങിയവയാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടുകോടി രൂപയുടെ റൂസ ഫണ്ട് ഉപയോഗിച്ച്  ക്ലാസ് റൂമുകള്‍ ,സ്റ്റാഫ് റൂമുകള്‍ ,ഡിജിറ്റല്‍ ലൈബ്രറി, ഓഡിറ്റോറിയം നവീകരണം,  ടോയ്‌ലറ്റ് നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി.പരിപാടിയില്‍ കെ ബാബു എംഎല്‍എ അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ്, വൈസ് ചെയര്‍മാന്‍ കെ കെ പ്രദീപ് കുമാര്‍, പ്രിന്‍സിപ്പാള്‍ ഡോ. വി കെ അമല, റൂസ കോര്‍ഡിനേറ്റര്‍ പി വി അജികുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സാവിത്രി നരസിംഹറാവു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍, കോളേജ് അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

Top